top of page
Search
Writer's pictureRaveendran Nair

Malayali Astrologer in Delhi -Mayur Vihar-Phase.1-9871690151

Updated: Oct 5, 2022





ജ്യോതിഷത്തിലെ ബാല പാഠങ്ങള്‍-15

രവീന്ദ്രന്‍ നായര്‍ (ജ്യോതിഷ് അലങ്കാര്‍)

ഫോണ്‍-9871690151


ഇനി നമുക്ക് അഷ്ടമ ഭാവത്തെക്കുറിച്ച് ചിന്തിക്കാം.



രവി അഷ്ടമത്തില്‍ നിന്നാല്‍ ജാതകന് നേത്ര വൈകല്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. സാമ്പത്തികമായി അത്ര വളരെയധികം ഗുണകരമല്ല. പൊതുവേ സന്തോഷം കുറവായിരിക്കും. അതുപോലെ തന്നെ പലപ്പോഴും ഇത് ആയുസ്സിനെപ്പോലും ബാധിക്കാവുന്നതാണ്. ബന്ധുക്കളുടെ വേര്‍പാട്‌ അനുഭവിക്കേണ്ടിവരും. സന്താനങ്ങള്‍ കുറഞ്ഞിരിക്കാനുള്ള സാധ്യതയുണ്ട്. ധാരാളം ശത്രുക്കളെ സമ്പാദിക്കും. ഇങ്ങനെയുള്ള വിഷമങ്ങള്‍ കൂടുതലാവുമ്പോള്‍ അത് ബുദ്ധിഭ്രംശം വരെയുള്ള രോഗങ്ങള്‍ക്ക് കാരണമാകാവുന്നതാണ്. ഈ ജാതകന് അനാവശ്യമായി എപ്പോഴും കോപം വരാനുള്ള സാധ്യതയുണ്ട്. വിദേശത്ത് പോയി ധനം സമ്പാദിക്കാനുള്ള യോഗം ഉണ്ടായിരിക്കും.കാര്യങ്ങള്‍ ഒരുപാട് സംസാരിക്കുമെങ്കിലും കാര്യങ്ങള്‍ക്ക് വ്യക്തത ഉണ്ടായിരിക്കുകയില്ല. വിദേശത്ത് പോയി അവിടെയുള്ള വ്യക്തികളെ വിവാഹം ചെയ്യാന്‍ സാധ്യതയുണ്ട്. ശത്രുക്കളെകൊണ്ട് വളരെയധികം ധനനഷ്‌ടം ഉണ്ടാവാനും സാധ്യതയുണ്ട്. പലപ്പോഴും ഇവര്‍ പുരാവസ്തു ഗവേഷകന്മാര്‍ ആവാന്‍ സാധ്യതയുണ്ട്. പരസ്ത്രീകളില്‍ താല്പര്യമുള്ളവരായിരിക്കും. പൈല്‍സ്, ഗുഹ്യരോഗം മുതലായവ പിടിപെടാന്‍ സാധ്യതയുണ്ട്. ഉപജീവനമാര്‍ഗ്ഗത്തിനു ഒരു സ്ഥിരത ഉണ്ടായിരിക്കുകയില്ല

അതു കൂടാതെ എട്ടാം ഭാവത്തില്‍ ഇരിക്കുന്ന സൂര്യന്‍ വ്യക്തിയെ ചതിയന്മാരാക്കാനും, അഹങ്കാരികളാക്കാനും, അതുകൊണ്ട് മറ്റുള്ളവര്‍ക്ക് കഷ്ട നഷ്‌ടങ്ങള്‍ ഉണ്ടാക്കാനും കാരണമാകും. യൌവ്വനകാലത്ത് ഭയങ്കര അഹങ്കാരികളും പരസ്ത്രീഗമനത്തില്‍ വളരെയധികം തല്പരരും ആയതുകൊണ്ട് ഗുഹ്യരോഗിയായി മാറാന്‍ ഉള്ള സാഹചര്യത്തില്‍ നിന്നും വളരെയധികം സൂക്ഷ്മതയോടെ മാറി നില്‍കേണ്ടതാണ്.

അതുപോലെ തന്നെ എട്ടില്‍ സൂര്യന്‍ ധാരാളം ചിലവുകള്‍ വരുത്തി വയ്ക്കുന്ന ഗൃഹമാണ്. ഈ സ്ഥാനം മൃത്യു സ്ഥാനമായത് കൊണ്ട് മിഥുനം, കര്‍ക്കിടകം, ധനു, മീനം എന്നീ രാശികള്‍ അഷ്ടമസ്ഥാനമായാല്‍ മരണം പതുക്കെ സംഭവിക്കുന്നു. മേടം, ചിങ്ങം രാശികള്‍ ആണെങ്കില്‍ മരണം പെട്ടെന്ന് സംഭവിക്കും. മറ്റു രാശികളായാല്‍ ദീര്‍ഘകാലം രോഗശയ്യയില്‍ കിടന്നതിനു ശേഷമേ മരണം സംഭവിക്കു.

അടുത്തതായി രവി ഒമ്പതാം ഭാവത്തിലിരുന്നാലുള്ള ഗുണദോഷങ്ങളെ കുറിച്ച് ചിന്തിക്കാം. ജാതകത്തിലെ ഒമ്പതാം ഭാവം ഭാഗ്യസ്ഥാനമാണ്, ത്രികോണമാണ്. അതുകൊണ്ട് ഈ സ്ഥാനം കുറെയധികം ഗുണങ്ങള്‍ ജാതകം കൊടുക്കും എന്നുറപ്പാണ്. ജാതകന്‍ ധനികനും, സന്താങ്ങളും, സ്നേഹിതന്മാരും ധാരാളം ഉള്ള ആളുമായിരിക്കും

ദൈവവിശ്വാസിയും, ബഹുമാന്യ വ്യക്തികളെ മാനിക്കുന്നവരും ആയിരിക്കും. അച്ഛനുമായും ഭാര്യായുമായും സ്വരചെര്‍ച്ചകളില്‍ കുറവ് ഉണ്ടായിരിക്കും. ധര്‍മ്മകാര്യങ്ങളില്‍ താല്പര്യമുണ്ടായിരിക്കും. മറ്റ് മതങ്ങളോട് നല്ല താല്പര്യമുണ്ടായിരിക്കും. നല്ലവണ്ണം പ്രസിദ്ധി നേടും. മറ്റുള്ളവരുടെ പണം കൈകാര്യം ചെയ്യേണ്ടി വന്നേക്കാം. കുട്ടിക്കാലത്ത് രോഗങ്ങള്‍ ധാരാളം വരും.യൌവനക്കാലത്ത് രോഗങ്ങള്‍ ഉണ്ടാകില്ല. ദീര്‍ഘായുസ്സ് ഉണ്ടായിരിക്കും. ശരീരഭംഗിയുള്ള വ്യക്തിയായിരിക്കും. വളരെയധികം ചിന്തിക്കുന്ന കൂട്ടത്തിലായിരിക്കും. ആദ്ധ്യാത്മികമായ തപസ്സ് മുതലായ കാര്യങ്ങളില്‍ താല്പര്യം ഉണ്ടെങ്കിലും അതെല്ലാം മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടിയായിരിക്കും. ആത്മാര്‍ത്ഥത ഉണ്ടാവില്ല. സ്വന്തം അറിവ് ലോകര്‍ക്ക് നല്കാനുള്ള താല്പര്യം. അതുപോലെ അറിവ് പ്രചരിപ്പിക്കാനുള്ള ആഗ്രഹം. വിദേശികളുമായി ധാരാളം ബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ട്. സഹോദരങ്ങളോത്തു ചേര്‍ന്നു പോകാന്‍ വിഷമം ആയിരിക്കും. പിതൃവിയോഗത്തിന് സാധ്യതയുണ്ട്.

ഒമ്പതാം ഭാവത്തില്‍ സൂര്യന്‍ നില്‍ക്കുന്ന ജാതകന്‍ പുണ്യപ്രവര്‍ത്തികള്‍ ചെയ്യുന്നത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായിരിക്കും. എങ്കിലും മറ്റുള്ളവര്‍ക്ക് ഇത് മനസ്സിലാകാത്തതുകൊണ്ട് ജാതകനെ നല്ലവണ്ണം പ്രശംസിക്കും. സഹോദരന്മാരോടു പോലും ഇവര്‍ തുറന്ന മനസ്സോടെയല്ല പെരുമാറുക. യോഗാഭ്യാസം മുതലായ കാര്യങ്ങളില്‍ താല്പര്യം ഉണ്ടായിരിക്കുമെങ്കിലും, അതും മറ്റുള്ളവരെ കാണിക്കാനായിട്ടായിരിക്കും.

ഒമ്പതില്‍ രവി നില്ക്കുന്ന ജാതകന് ആരംഭത്തില്‍ കഷ്ടവും മധ്യകാലത്തില്‍ സുഖവും അവസാനത്തില്‍ വീണ്ടും ദുഖവും അനുഭവിക്കേണ്ടിവരും.

ഒമ്പതാം ഭാവം മിഥുനം, തുലാം, കുംഭം മുതലായ ഏതെങ്കിലും രാശികളായി വരികയും സൂര്യന്‍ അവിടെ നില്‍ക്കുകയുമാണെങ്കില്‍ ആ ജാതകന്‍ എഴുത്തുക്കാരനോ, പുബ്ലിഷറോ അതുമല്ലെങ്കില്‍ അധ്യാപകനോ ആകും.

അതുപോലെ ഒമ്പതാം ഭാവം കര്‍ക്കിടകം, വൃശ്ചികം, മീനം എന്നിവയില്‍ എതെങ്കിലുമൊന്നായി വരികയും അവിടെ സൂര്യന്‍ നില്ക്കുകയും ചെയ്താല്‍ ജാതകന്‍ കവിയോ, നാടകക്കാരനോ അതുമല്ലെങ്കില്‍ രസതന്ത്രജ്ഞനോ ആയി തീരവുന്നതാണ്.

ഒമ്പതാം ഭാവത്തില്‍ നില്‍ക്കുന്ന സൂര്യന്‍ ഇടവം, കന്നി, മകരം എന്നീ രാശികളില്‍ ഏതെങ്കിലും ഒന്നാണെങ്കില്‍ ആ ജാതകന്‍ കൃഷി, വ്യാപാരം എന്നീ തുറകളിലാണ്‌ ശോഭിക്കാന്‍ സാധ്യത.

സൂര്യന്‍ മേടം, ചിങ്ങം, ധനു രാശികളിലെതെങ്കിലും ഒന്നിലായി ഒമ്പതാം ഇടത്തില്‍ ഇരുന്നാല്‍ ജാതകന്‍ സൈന്യത്തില്‍ ചേരാനാണ് സാധ്യത.

അടുത്തതായി പത്താം ഭാവത്തില്‍ സൂര്യന്‍ നിന്നാലുള്ള ഫലങ്ങളാണ് പറയാന്‍ പോകുന്നത്.

ജാതകത്തില്‍ രവി പത്താം ഭാവത്തിലാണെങ്കില്‍ ജാതകന്‍ വളരെയധികം ബുദ്ധിമാനായിരിക്കും. അതുപോലെ തന്നെ ധനം സമ്പാദിക്കാനുള്ള കഴിവും ഉണ്ടായിരിക്കും. എല്ലാവിധ സുഖസൌകര്യങ്ങള്‍, വാഹനങ്ങള്‍ മുതലായവ ഈ ജാതകന് ലഭിക്കാനുള്ള സൗഭാഗ്യമുണ്ടായിരിക്കും. ബന്ധുക്കളും, സന്താനങ്ങളും ഉള്ളയാളായിരിക്കും. പ്രവര്‍ത്തനങ്ങളില്‍ നല്ല വിജയം കൈവരിക്കാന്‍ കഴിയുന്ന ആളായിരിക്കും. നല്ല പരാക്രമിയും, പരാജിതനാകാന്‍ സമ്മതിക്കാത്തവനും ആയിരിക്കും. ശരീരബലവും നല്ലത് പോലെ ഉണ്ടായിരിക്കും. ദേവജ്ഞാനം, സദ്ബുദ്ധി എന്നീ ഗുണങ്ങളും ഉണ്ടായിരിക്കും. ഇദ്ദേഹത്തിന് രാജാവില്‍ നിന്ന് (സര്‍ക്കാരില്‍ നിന്ന്) വളരെയധികം ഗുണങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്.

പത്തില്‍ രവി നിന്നാല്‍ ആ വ്യക്തിയില്‍ സദ്‌ഗുണങ്ങളുടെ വിളനിലമായിരിക്കും. ഗുരുഭക്തി, ദാനശീലം, അഭിമാനം, നൃത്യഗീതതാല്പര്യം, ശുചിത്വം, ഭരണാധികാരം, അംഗീകാരം, ശത്രുപരാജയം എന്നു തുടങ്ങി ഒരുവിധം എല്ലാ നല്ല ഗുണങ്ങളും അയാള്‍ അനുഭവിക്കും.

പക്ഷെ, ജീവിതാവസാനകാലത്ത് ഈ ഗുണങ്ങളെല്ലാം തന്നെ നിലനിര്‍ത്താന്‍ കഴിയാതെ വരും. അതുകൊണ്ട് നല്ല കാലത്ത് സമ്പാദിച്ച ധനവും മറ്റും നിലനിര്‍ത്താനാവാതെ, അവസാനത്തില്‍ ധാരാളം ക്ലേശങ്ങള്‍ അനുഭവിക്കേണ്ടി വരിക സാധാരണയാണ്. മാതാവിന് രോഗസാധ്യതയുണ്ടാവാന്‍ സാധ്യത ഉണ്ട്. മാനസിക ക്ലേശവും ധാരാളം ഉണ്ടാവാന്‍ ഇടയുണ്ട്.

രവി മേടം, കര്‍ക്കിടകം, ചിങ്ങം, വൃശ്ചികം, ധനു എന്നീ രാശികളില്‍ ഏതെങ്കിലും ഒന്നില്‍ പത്താം ഭാവമായി വന്ന്‍ അവിടെ നിന്നാല്‍ റവന്യു, പോലീസ്, എക്സൈസ് തുടങ്ങിയ വകുപ്പുകളില്‍ ജോലി ചെയ്യുന്നവരായിരിക്കും. അവരുടെ വരുമാനത്തെക്കുറിച്ച് പറയേണ്ടതില്ലല്ലോ?

ഇടവം,കന്നീ,മകരം,മീനം,മിഥുനം എന്നീ രാശികളില്‍ ഒന്നില്‍ പത്താം ഭാവമായി രവി അവിടെ നിന്നാല്‍ ജാതകന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥനോ, ഗവര്‍ണ്ണര്‍, മന്ത്രി എന്നീ വലിയ പദവികളില്‍ ഏതെങ്കിലും ഒന്നില്‍ ആയിരിക്കും ജോലി ചെയ്യുന്നത്. തുലാംരാശി (നീചന്‍) പത്താം ഭാവമായാല്‍ ജഡ്ജി, മന്ത്രി എന്നീ നിലകളിലും വൃശ്ചികരാശി പത്താം ഭാവമയിരുന്നാല്‍ ഡോക്ടറും ആയി ശോഭിക്കാന്‍ സാധിക്കും.

രവി പതിനൊന്നാം ഭാവത്തിലാണ് ഇരിക്കുന്നതെങ്കില്‍ ആ ജാതകന് ധനം സമ്പാദിക്കുന്നതില്‍ വളരെയധികം താല്പര്യമുണ്ടായിരിക്കും, ബലവാനായിരിക്കും. മറ്റുള്ളവരുടെ സേവകനായിരിക്കും. സ്നേഹിതര്‍ കുറവായിരിക്കും. പക്ഷെ പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുന്നവനായിരിക്കും. സംഗീതത്തില്‍ താല്പര്യമുള്ള വ്യക്തിയായിരിക്കും. സത്കാര്യങ്ങളില്‍ ഇടപെട്ടാലും വേണ്ടത്ര പ്രശസ്തി ലഭിക്കുകയില്ല. രാജാവില്‍ (സര്‍ക്കാര്‍) നിന്ന് ധാരാളം ധനം ലഭിക്കും.

സൂര്യന്‍ പതിനൊന്നില്‍ ആയിരുന്നാല്‍ ജാതകന് മറ്റുള്ളവരോട് വെറുപ്പ് ഉണ്ടായിരിക്കും. അതുപോലെ ഈ ജാതകന് സന്താനലാഭം, ധാരാളം പേരുടെ അകമ്പടി സേവിക്കല്‍ എന്നീ ഗുണങ്ങള്‍ കിട്ടും. ഇയാള്‍ സ്ത്രീവിഷയത്തില്‍ താല്പര്യമുള്ളയാളായിരിക്കും. വാഹനയോഗം ഉണ്ടായിരിക്കും.

പതിനൊന്നാം ഭാവം മേടമായി അതില്‍ രവി നിന്നാല്‍ സന്താനങ്ങള്‍ കുറയും. മിഥുനരാശിയാണെങ്കില്‍ സന്താനവിരഹം അനുഭവികേണ്ടിവരും. ചിങ്ങത്തിലാണ് രവി പതിനൊന്നാം ഭാവത്തില്‍ നില്‍ക്കുന്നതെങ്കില്‍ ജാതകന് സാമ്പത്തിക ക്ലേശം അനുഭവിക്കേണ്ടിവരും. തുലാംരാശിയാണ് പതിനൊന്ന് എങ്കില്‍, സൂര്യന്‍ അവിടെ നിന്നാല്‍ ജാതകന്‍ കീര്‍ത്തിയുള്ള ആളായിരിക്കും. ധനു രാശിയില്‍ ആണെങ്കില്‍ നിയമജ്ഞാനം ഉള്ളയാളായിരിക്കും. കുംഭത്തിലാണെങ്കില്‍ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നേക്കാം.

(തുടരും)




13 views0 comments

Recent Posts

See All

Comments


bottom of page